ഇന്ത്യയിലെ സജീവഅഗ്നിപർവതം
ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവതം
ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്. പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശ വൃത്താകാരത്തിൽ 12°16′N 93°51′Eസ്ഥിതിചെയ്യുന്ന ബാരെൻ ദ്വീപുതന്നെയാണ്, തെക്കനേഷ്യാ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും. ഈ അഗ്നിപർവ്വതത്തിന് 18 ലക്ഷം (1.8 മില്യൺ) വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ യൂണിയന്റെ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ബാരെൻ ദ്വീപ്. ഇത് ഭരണ കേന്ദ്രമായ പോർട്ട് ബ്ലെയറിന്റെ വടക്കു കിഴക്കു ഭാഗത്ത്, ഏകദേശം 135 കി.മീ ( 84 മൈൽ) അകലെയായി ഈ ദ്വീപു സ്ഥിതി ചെയ്യുന്നു. ഇന്ത്യാ-മ്യാന്മാർ ടെക്ടോണിക് പ്ലേറ്റുകളുടെ അതിർത്തിയിലുള്ള ഭൂകമ്പപ്രഭവ കേന്ദ്രത്തിന്റെ മധ്യത്തിലായാണ് ഈ അഗ്നിപർവ്വതം നിൽക്കുന്നത്.
ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും നാവിക വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്. പോർട്ട് ബ്ലെയറിൽനിന്നും പ്രത്യേകം ചാർട്ടു ചെയ്ത ബോട്ടുകൾ വഴി ബാരെൻ ദ്വീപിൽ എത്തിച്ചേരാം. പക്ഷേ ഇന്ത്യൻ വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഇവിടം സന്ദർശിക്കാൻ കഴിയൂ. വിദേശികൾക്കു ബോട്ടുകളിൽ തീരം വരെ എത്താനുള്ള അനുമതിയേ ഉള്ളൂ, ദ്വീപിൽ ഇറങ്ങാനുള്ള അനുമതി ഇല്ല.പോർട്ട് ബ്ലെയറിൽ നിന്നും ദ്വീപിലേക്ക് എത്തിച്ചേരാൻ ഏകദേശം അഞ്ചോ ആറോ മണിക്കൂർ എടുക്കും.
ജീവൻ
ബാരെൻ എന്ന പേരിന്റെ അർഥം തരിശായിക്കിടക്കുന്ന ജനവാസമില്ലാത്ത സ്ഥലം എന്നാണ്. മനുഷ്യ വാസം ഇല്ലാത്ത ദ്വീപാണെങ്കിലും, ചെറിയ ഒരു കൂട്ടം ആടുകളും പക്ഷികളും വവ്വാലുകളുംഎലികളും ഈ പ്രതികൂല കാലാവസ്ഥയിലും ഈ ദ്വീപിൽ വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളിലെ ഒരു ഉപവർഗ്ഗമായ പറക്കും കുറുക്കൻ(Flying Fox) എന്നയിനമാണ് ഇവിടെ കാണപ്പെടുന്നത്. കാൽഡെറയുടെ പുറവശവും അകത്തെ കുറച്ചു ഇടങ്ങളും അഗ്നിപർവ്വത സ്ഫോടനത്തിന്റെ സമയത്തെ ലാവാ പ്രവാഹത്തിൽ നിന്നും രക്ഷപെട്ടിട്ടുള്ളതുകൊണ്ട് ഇടതൂർന്ന പച്ചപ്പും ഇവിടെ കാണാനാകും. രണ്ടു ചെറിയ ശുദ്ധജല നീരുറവകൾ ദ്വീപിന്റെ തെക്കു കിഴക്കു ഭാഗത്തായി കണ്ടെത്തെപ്പെട്ടിട്ടുണ്ട്.
കാട്ടാടുകൾ
ഇവിടെ കാണുന്ന ആടുകൾ വന്യമായി ജീവിക്കുന്നവയാണെങ്കിലും ഒരു പ്രത്യേക വർഗ്ഗമല്ലെന്നും വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിയ നാവികരാരെങ്കിലും ഇവിടെ വിട്ടിട്ടുപോയവയായിരിക്കണം എന്നുമാണ് പുതിയ നിഗമനം. പ്രകൃതി നിർദ്ധാരണം വഴി ആടുകൾ കടലിലെ ഉപ്പു വെള്ളം കുടിച്ചു ജീവിക്കാൻ കഴിവു നേടിയവയായിട്ട് ആദ്യ കാലങ്ങളിൽ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലത്തായി ചില ചെറു നീരുറവകൾ കണ്ടുപിടിക്കപ്പെടുകയും, അവിടങ്ങളിലെ ശുദ്ധജലം കുടിച്ചാണിവ കഴിയുന്നതെന്നുമാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്.
ഭൂഘടന
സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവ്വതത്തിന്റെ മുകൾഭാഗമാണ്. ജനവാസം തീരെയില്ലാത്തെ ഈ ദ്വീപിന് ഏകദേശം 3 കിലോ മീറ്ററോളം വീതിയുണ്ട്. രണ്ടു കിലോമീറ്ററോളം വീതിയുള്ള ഇതിന്റെ കാൽഡെറയ്ക്ക് 250 മുതൽ 350 മീറ്റർ വരെ പൊക്കവുമുണ്ട്. അഗ്നിപർവ്വത മുഖം കടലിലേക്കു തുറക്കുന്നത് പടിഞ്ഞാറു ഭാഗത്തേക്കാണ്. ദ്വീപിന്റെ കിഴക്കു വശത്ത് ചെറു ശുദ്ധജല നീരുറവകളും കാണപ്പെടുന്നു.


Comments
Post a Comment