ആന്‍ങ്കോര്‍
'ആന്‍ങ്കോര്‍' ഒളിഞ്ഞിരുന്ന മഹാത്ഭുതം!!
1860ല്‍ ഹെന്‍റി മൗഹോട്ട് എന്ന ഫ്രഞ്ച് പ്രകൃതി നിരീക്ഷകനും, ശാസ്ത്രജ്ഞനും അത്യപൂര്‍വമായ ചില പ്രാണിവര്‍ഗത്തെയും പക്ഷികളെയും കുറിച്ച് പഠിക്കാന്‍ ഇന്തോചൈനാ അതിര്‍ത്തിയിലെ ഘോരവനത്തില്‍ എത്തിപ്പെട്ടു. ജീവികളെക്കുറിച്ചുള്ള പഠനത്തിനാണ് ഹെന്‍റി വന്നതെങ്കിലും, അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വന്നില്ല. ജീവലോകത്തെ വനത്തില്‍ കണ്ടെത്തിയില്ലെങ്കിലും, മറ്റു ചില അപൂര്‍വ ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി. ഏതോ കാലത്ത് മനുഷ്യനെന്നോ, അതീത ശക്തികളെന്നോ കരുതാവുന്ന ചിലരുടെ സൃഷ്ടിപ്പുകള്‍ അദ്ദേഹം കാട്ടില്‍ കണ്ടു. കൃത്രിമമായി നിര്‍മിച്ച വെള്ളച്ചാട്ടങ്ങള്‍, ഹൈവേകള്‍, കെട്ടിട സമുച്ചയങ്ങള്‍, ടവറുകള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. ഈ അത്ഭുത കാഴ്ചകള്‍ ചുറ്റിനടന്ന് കണ്ട ഹെന്‍റി അപ്പോള്‍തന്നെ ഒരു കാര്യം ഉറപ്പിച്ചു: ഇതെല്ലാം നിര്‍മിച്ചിരിക്കുന്നത് സാധാരണ മനുഷ്യരല്ല, മറിച്ച് അപൂര്‍വമായ ഒരു സംസ്കാരത്തിന്റെ അധിപന്മാരാണ് അവര്‍. റോമിലെയും, ഗ്രീസിലെയും സംസ്കാരത്തേക്കാള്‍ ഉന്നതി പ്രാപിച്ച ഒരു സംസ്കാരമാകാം അതെന്ന് അദ്ദേഹം കണക്കുകൂട്ടി. ഈ സംസ്കാരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും, അന്വേഷിക്കാനും ഹെന്‍റി തയ്യാറായെങ്കിലും പ്രതികൂലമായ കാലാവസ്ഥയില്‍ പെട്ട് അദ്ദേഹത്തിന് പനി പിടിപെടുകയും അധിക നാള്‍ കഴിയുന്നതിനു മുമ്പ് മരണപ്പെടുകയും ചെയ്തു. മരണത്തിനു മുമ്പ് അദ്ദേഹം കണ്ടെത്തിയ അറിവുകള്‍ ഒരു രേഖയാക്കി വരുംതലമുറയ്ക്ക് പഠിക്കാനായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
ഇത് ഫ്രഞ്ച് ഗവണ്‍മെന്‍റില്‍ താല്‍പര്യമുണര്‍ത്തുകയും 1885ല്‍ ഒരു ഉല്‍ഖനന സംഘത്തെ ഇന്തോചൈന വനാന്തര്‍ഭാഗത്തേക്ക് അയക്കുകയും ചെയ്തു. നീണ്ട കാലത്തെ ഉല്‍ഖനനങ്ങള്‍ വലിയ സംഭവ പരമ്പരകള്‍ തന്നെ ലോകസമക്ഷം കൊണ്ടുവന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടാവുകയും, അകാരണമായി ഇല്ലാതാവുകയും ചെയ്ത ഒരു ജനതയുടെ ജീവിത നൈരന്ത്യരത്തെ തുറന്നുകാട്ടപ്പെടുകയും ചെയ്തു. “ആന്‍ങ്കോര്‍’ എന്നു നാമകരണം ചെയ്യപ്പെട്ട ഈ പ്രദേശം ഒരുപക്ഷേ, ഏഷ്യന്‍ ജനതയാവാമെന്നും ചരിത്രത്തില്‍ ഒരു കാലത്ത് ഇടം നേടിയ “കെമേര്‍സ്’ ആവാം അവരെന്നും തിരിച്ചറിയപ്പെട്ടു. ഒരു ഏകദേശ കണക്കു പ്രകാരം 500 വര്‍ഷങ്ങള്‍ക്ക് മുന്പാവണം അവരുടെ ആധിപത്യ കാലമെന്നും നിഗമനത്തിലെത്തി. എ.ഡി. പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ ജനസമൂഹം പടുത്തുയര്‍ത്തിയ മഹത്തായ സംസ്കാരം എങ്ങനെ, എപ്പോള്‍ നിലംപൊത്തിയെന്നോ ഈ ജനത എവിടേക്ക് അപ്രത്യക്ഷമായെന്നോ ഇന്നേവരെ കണ്ടെത്താനോ, തൃപ്തികരമായ ഉത്തരം സമര്‍പ്പിക്കാനോ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല.
തീര്‍ച്ചയായും, ആന്‍ങ്കോര്‍ ദേശക്കാര്‍ ഇന്ത്യയുമായി വളരെ പുരാതന കാലം മുതല്‍ക്കേ വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ ലഭിക്കുകയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ആത്മീയ സരണികളെ സംസ്കരിക്കാനും, ചിലതിനെയെല്ലാം സ്വീകരിക്കാനും അവര്‍ കാണിച്ച വ്യുല്‍പത്തി അവിടങ്ങളിലെ ചുമര്‍ചിത്രങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നൂറ്റാണ്ടുകള്‍ ആ ദേശം ചക്രവര്‍ത്തിമാരാല്‍ ഭരിക്കപ്പെട്ടതായും, അധികാര വിസ്തൃതിയില്‍ ആങ്കോര്‍ പല സാമ്രാജ്യങ്ങളെയും കടത്തിവെട്ടിയിരുന്നതായും ചരിത്രത്തിലുണ്ട്. പര്‍വതമുകളില്‍ രാജകൊട്ടാരങ്ങള്‍ നിര്‍മിച്ച് ഒരു “സംസ്കാരം’ വാര്‍ത്തെടുക്കാന്‍ തലമുറകളായി പ്രയത്നിച്ച മുപ്പതോളം ആങ്കോര്‍ ചക്രവര്‍ത്തിമാരെക്കുറിച്ച് പില്‍ക്കാലത്ത് ചരിത്രമെഴുതുകയുണ്ടായി. അങ്ങേയറ്റം മതവിശ്വാസികളായിരുന്ന ഇവര്‍ ഹിന്ദുമതദര്‍ശനങ്ങളെ പിന്തുടര്‍ന്നവരായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ആങ്കോര്‍ ചക്രവര്‍ത്തിമാരെ സഹായിക്കാന്‍ വേണ്ടി ഇന്ത്യന്‍ മതപുരോഹിതന്മാരുടെ ഒരു നീണ്ടനിര തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ജയവര്‍മ്മന്‍ അങ്ങനെയുള്ള ഒരു മതപുരോഹിതനായിരുന്നു. ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വശ്യവും, ആകാര സൗഷ്ഠവമുള്ള കെട്ടിട സമുച്ചയങ്ങളുടെ നിര്‍മിതിയില്‍ അഗ്രഗണ്യരായിരുന്നു “കെമേര്‍സ്’ ചക്രവര്‍ത്തി വംശ പരമ്പരയെന്ന് ചില പൗരാണിക സാഹിത്യങ്ങള്‍ വിളംബരം ചെയ്യുന്നുണ്ട്.
ഫ്രഞ്ച് ഭരണകൂടത്തെ മാത്രമല്ല, ചൈനീസ് ഭരണകൂടത്തെയും “കെമേര്‍സ്’ വംശജരുടെ ചരിത്രം ആകര്‍ഷിച്ചിട്ടുണ്ട്. അവിടുത്തെ ജനവംശത്തെക്കുറിച്ചുള്ള ഒരു പഠനം പ്രസിദ്ധ ചൈനീസ് യാത്രികനായ ചൗത രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍ങ്കോര്‍ ദേശക്കാരെ പല തട്ടുകളായി തിരിച്ച്, അവരുടെ ജീവിതശൈലിയും, പ്രത്യേകതകളും പഠിക്കുകയാണ് അദ്ദേഹം ചെയ്തത്. കെമേര്‍സ് വംശജര്‍ക്കിടയില്‍ അടിമത്വം നിലനിന്നിരുന്നതായി അദ്ദേഹം ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഒരു അടിമത്വ സമൂഹത്തിന് മാത്രമേ ഇത്രയും പ്രൗഢിയോടുകൂടിയ ഒരു സംസ്കാരത്തെ പടുത്തുയര്‍ത്താന്‍ കഴിയൂ എന്നദ്ദേഹം പറയുന്നു.
പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് പൂര്‍ത്തിയാവുന്നതു വരെ പരിപൂര്‍ണമായ സ്വാതന്ത്ര്യത്തോടും തലയെടുപ്പോടും നിലനിന്ന ആന്‍ങ്കോര്‍ ദേശം സാവധാനം നാശത്തിന്റെ വക്കോളമെത്തുകയും ഒരുനാള്‍ പെട്ടെന്ന് ഇല്ലാതാവുകയുമാണ് ഉണ്ടായത്. ഇതിന്റെ കാരണം ഇന്നും ലോകത്തിന് അജ്ഞാതമാണ്. ഏഴ് മാസങ്ങള്‍ കൊണ്ടാണ് ഈ സംസ്കാരം നശിച്ചുപോയതെന്നും പറയപ്പെടുന്നുണ്ട്. ആകാശംമുട്ടെ വളര്‍ന്നുനിന്ന പെരുംകാട് നശിച്ച് ഒരു മരുഭൂമിയായി രൂപാന്തരപ്പെടുമ്പോള്‍, ഒരു കാട്ടിലെ സംസ്കാരചിത്തരായ മനുഷ്യകുലം എവിടെ അപ്രത്യക്ഷമായെന്ന ചോദ്യം ലോകം ഇന്നും ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങളാണ് മനുഷ്യനെ കൂടുതല്‍, കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതെന്ന സത്യം നാം മറന്നുകൂടാ!
Comments
Post a Comment