റോഡ്സ് ദ്വീപിലെ ലോകാത്ഭുതം(കൊളൊസസ്)
പുരാതന ഗ്രീസിലെ റോഡ്സ് ദ്വീപിൽ നൂറുകണക്കിന് മീറ്റർ അകലെയുള്ള കപ്പലുകൾക്ക് പോലും വഴികാട്ടിയായി നിന്നിരുന്ന പ്രതിമയാണ് സൂര്യദേവനായ ഹീലിയോസിന്റെത്.കൊളോസസ് എന്നാണ് പ്രാചീന ലോകാത്ഭുതങ്ങളിലൊന്നായ ഈ പ്രതിമയെ വിളിച്ചിരുന്നത്. റോഡ്സിലെ തുറമുഖത്തിലേക്കുള്ള കവാടത്തിൽ ഇരുകരകളിലും രണ്ട് കാലുകൾ കുത്തി നിന്നിരുന്ന പ്രതിമയുടെ ഉള്ളിൽ വലിയൊരു വലിയൊരു കോണി ഉണ്ടായിരുന്നു. കപ്പലുകൾക്കുള്ള വഴികാട്ടി വെളിച്ചം ഇതിന്റെ കണ്ണുകളിൽ സ്ഥാപിച്ചിരുന്നു.ഈജിയൻ കടലിന്റെ ചക്രവാളത്തിലേക്ക് നോക്കി നിൽക്കുന്ന കൊളോസസിന്റെ കണ്ണുകൾക്കുള്ളിൽ റോഡ്സ് നിവാസികൾ എന്നും തീ കത്തിക്കും.വെങ്കലത്തിൽ നിർമിച്ച ഈ പ്രതിമയ്ക്ക് 32 മീറ്റർ ഉയരവും 300 ടൺ ഭാരവുമുണ്ടായിരുന്നു. BCE 304-305 ൽ ഈജിപ്റ്റിലെ ടോളമി രാജവംശവും മാസിഡോണിയയിലെ ആന്റിഗോണസുമായി നടന്ന യുദ്ധത്തിൽ ടോളമിയെ സഹായിക്കാൻ റോഡ്സ് നിവാസികൾ തീരുമാനിച്ചു. യുദ്ധത്തിൽ ടോളമി വിജയിച്ചതോടെ മാസിഡോണിയക്കാർ ആന്റിഗോണസിന്റെ പുത്രനായ ഡെമട്രിയസിന്റെ നേതൃത്വത്തിൽ 370 കപ്പലുകളിൽ നാലായിരത്തോളം പടയാളികളുമായി റോഡ്സിനെ ആക്രമിക്കാനെത്തി. ഒരു വർഷത്തെ യുദ്ധത്തിനു ശേഷം ടോളമിയുടെ സഹായത്തോടെ ദ്വീപുവാസികൾ യുദ്ധവിജയം നേടി.തങ്ങളുടെ കുലദൈവമായ ഹീലിയോസാണ് യുദ്ധം ജയിക്കാൻ കാരണം എന്നു വിശ്വസിച്ച അവർ നന്ദിസൂചകമായി ഒരു വലിയ പ്രതിമ നിർമിക്കുകയായിരുന്നു. റോഡ്സിലെ ധീരയോദ്ധാവുകൂടിയായ കെയ്റസ് ആയിരുന്നു കൊളോസസിന്റെ ശിൽപി. യുദ്ധത്തിൽ ഡെമിട്രിയസ് പിൻവാങ്ങിയപ്പോൾ ദ്വീപിൽ ഉപേക്ഷിച്ചു പോയ ആയുധങ്ങളിൽ നിന്നാണ് പ്രതിമയ്ക്ക് ആവശ്യമായ വെങ്കലം ലഭിച്ചത്.പണി പൂർത്തിയാവാൻ 12 വർഷമെടുത്തു.(292-280)
BCE -225 ൽ ഉണ്ടായ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തു വച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ AD 653 വരെ സംരക്ഷിക്കയുണ്ടായി. ആയിടയ്ക്ക് റോഡ്സ് ആക്രമിച്ച അറബികൾ ഇതിനെ കഷണങ്ങളാക്കി വിറ്റു.900ത്തിലേറെ ഒട്ടകങ്ങൾക്ക് വഹിക്കാവുന്ന ഭാരം ഇതിലുപയോഗിച്ചിരുന്ന പിത്തളയ്ക്ക് ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉഗ്ര വലിപ്പമുള്ള എന്തിനെയെങ്കിലും വിശേഷിപ്പിക്കാൻ ഇംഗ്ലിഷുകാർ ഇന്നും ഉപയോഗിക്കുന്ന വാക്കാണ് കൊളൊസസ്.
Comments
Post a Comment