മിറിയവും പീറ്ററും
ഭാര്യ വേട്ടയാടും, ഭർത്താവ് ചുട്ടുതിന്നും; ഇങ്ങനെയാണ് പ്രൊഫസറുടെയും ടീച്ചറുടെയും കാട്ടിലെ ജീവിതം ----
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ ജീവിക്കുന്നവരുണ്ടോ? മിറിയത്തിന്റെയും പീറ്ററിന്റെയും കഥ കേട്ടാല്‍ ആര്‍ക്കും തോന്നാം ആ സംശയം. കഴിഞ്ഞ ഏഴ് വര്‍ഷമായി കാട്ടിലാണ് ഇവരുടെ ജീവിതം. മൂന്നാമതൊരു മനുഷ്യജീവിയെ കാണാതെ ആഴ്ച്ചകളോ മാസങ്ങളോ പിന്നിട്ടെന്നു വരും. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളോ കാട്ടുസസ്യങ്ങളോ ആണ് ആഹാരം. ഗുഹകളിലോ താത്കാലിക ടെന്റുകളിലോ ആണ് അന്തിയുറക്കം.
"മിറിയമാണ് വേട്ടക്കാരി,ഞാന്‍ ഭക്ഷണം പാകം ചെയ്യും."
പീറ്റര്‍ പറയുന്നത് സ്ത്രീകളാണ് മികച്ച വേട്ടക്കാരെന്നാണ്. അവര്‍ക്കാണ് നീരീക്ഷണപാടവവും സൂക്ഷ്മതയും കൂടുതലുള്ളത്. അവര്‍ വേട്ടയാടുമ്പോള്‍ അത് മറ്റാരുടെയും മുന്നില്‍ ആളാവാന്‍ വേണ്ടിയാവുന്നില്ല, അവരുടെ ആവശ്യത്തിന് വേണ്ടിയാവുന്നു. പ്രത്യേകം തയ്യാറാക്കിയ അമ്പും വില്ലുമാണ് മിറിയത്തിന്റെ ആയുധം. തോക്ക് കയ്യിലുണ്ടെങ്കിലും അവ ആവശ്യം വരിക ചുരുക്കം സമയങ്ങളില്‍ മാത്രം!!
സസ്യഭുക്കായിരുന്നു പീറ്റര്‍. പക്ഷേ, ആ കടുംപിടുത്തവും വാശിയും കാട്ടുജീവിതത്തിന് അനുയോജ്യമാവില്ലെന്ന് മനസ്സിലായപ്പോള്‍ ശീലം മാറ്റി. ഒരിനം എലിയെയായിരുന്നു മിറിയം ആദ്യം അമ്പെയ്ത് വീഴ്ത്തിയത്. ചുട്ട് കഴിച്ചപ്പോള്‍ അതീവ രുചികരമായിരുന്നു അതെന്ന് പീറ്റര്‍ ഓര്‍മിക്കുന്നു.
ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ ടീച്ചറായിരുന്നു മിറിയം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന ജോലിയില്‍ വിദഗ്ധയുമായിരുന്നു മിറിയം. പക്ഷേ, ഒരു ഘട്ടം വന്നപ്പോള്‍ പതിവ് ജോലികള്‍ മിറിയത്തെ വല്ലാതെ മടുപ്പിച്ചു. ജീവിതകാലം മുഴുവന്‍ താനിങ്ങനെ വിരസമായി തള്ളിനീക്കണമെന്ന ചിന്ത കൂടിയപ്പോള്‍ മാനസികസംഘര്‍ഷത്തിലെത്തി. അന്ന് മുതല്‍ മിറിയം ചിന്തിച്ചുതുടങ്ങി. എല്ലാ സ്ത്രീകളും ഈ വിരസത അനുഭവിക്കുന്നവരല്ലേ. എന്നിട്ടും എന്താണ് ആരും മുന്നോട്ട് വരാത്തത് എന്ന്.
പിന്നെ മിറിയം വേറിട്ടൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. പ്രകൃതിയോടിണങ്ങി ജീവിക്കുമ്പോള്‍ സ്ത്രീ കൂടുതല്‍ ശക്തയാവുമെന്ന് മിറിയം കണ്ടെത്തി. ആദിമജീവിതത്തില്‍ സ്ത്രീയായിരുന്നല്ലോ പുരുഷനെക്കാള്‍ ശക്ത. ആ തിരിച്ചറിവായിരുന്നു കാട്ടിലേക്കിറങ്ങാനുള്ള മിറിയത്തിന്റെ പ്രേരകശക്തി. ആദ്യമൊക്കെ കാട്ടിനുള്ളിലെ ജീവിതം ബോറടിയായിരുന്നെന്ന് മിറിയം തുറന്നു സമ്മതിക്കുന്നു. ഭര്‍ത്താവും ഭാര്യയും കണ്ണോട് കണ്ണ് നോക്കി ദിവസം മുഴുവന്‍ ചെലവഴിക്കുന്നത് കോമഡിയാവില്ലേ എന്നാണ് മിറിയത്തിന്റെ ചോദ്യം. പിന്നെപ്പിന്നെ അവള്‍ പ്രകൃതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. പീറ്ററിനൊപ്പം കൂടി പുതിയ പുതിയ സസ്യങ്ങളെക്കുറിച്ചും കാടിന്റെ രീതികളെക്കുറിച്ചും പഠിച്ചു. ഇപ്പോള്‍ മിറിയം പറയുന്നു, ഇനിയൊരു നാഗരികജീവിതം അസാധ്യമാണെന്ന്. അത്രമേല്‍ കാടിനോട് ഇഴചേര്‍ന്നുപോയെന്ന്!!
ഇന്ത്യയിലായിരുന്നു തുടക്കം
12 വര്‍ഷം മുമ്പാണ് കാടുജീവിതം എന്ന ആശയം ഇരുവരുടെയും മനസ്സിലേക്ക് എത്തിയത്. അന്ന് പീറ്ററിന് 60 വയസ്സ്, മിറിയത്തിന് 22 ഉം. അര്‍ബോറിസ്റ്റും (ഓരോ മരങ്ങളുടെയും ഘടനയെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ഗവേഷണം നടത്തുന്നയാള്‍) യൂണിവേഴ്‌സിറ്റി പ്രൊഫസറും ആയിരുന്നു പീറ്റര്‍. മിറിയമാവട്ടെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥിനിയും.
ഇഷ്ടങ്ങളിലെ പൊരുത്തമാണ് ഇരുവരെയും അടുപ്പിച്ചത്. അങ്ങനെയാണ് യാത്രകള്‍ക്കായി വര്‍ഷത്തിന്റെ ഭൂരിഭാഗവും അവര്‍ വിനിയോഗിച്ച് തുടങ്ങിയതും. ഇന്ത്യയിലൂടെയുള്ള യാത്രക്കിടെയാണ് പ്രകൃതിയോടിണങ്ങിയ ജീവിതം മോഹമായി മാറിയത്. നഗരത്തിരക്കുകളും യാന്ത്രികജീവിതവും മതിയാക്കി കാടിനോടിണങ്ങി ജീവിക്കാന്‍ പീറ്ററും മിറിയവും തീരുമാനിച്ചതും ആ യാത്രയോടെയാണ്.
തീരുമാനം യാഥാര്‍ഥ്യമാവാന്‍ പിന്നെയും അഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നു. 2010ല്‍ അവര്‍ കാടുകള്‍ തേടി യാത്ര തുടങ്ങി. അത്യാവശ്യം വേണ്ട സാധനങ്ങളും വേട്ടയാടാനുള്ള പരിശീലനവും കൈമുതലാക്കിയായിരുന്നു യാത്ര. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ തുടരാന്‍ ഇരുവര്‍ക്കും താല്പര്യമില്ല. രാജ്യാതിര്‍ത്തികള്‍ കടന്ന് തുടരുന്നതാണ് ഇവരുടെ പ്രയാണം.
ഇടയ്ക്കിടെയുള്ള നാട്ടിലിറങ്ങല്‍
കാട്ടിലാണ് ജീവിതമെങ്കിലും വല്ലപ്പോഴും നാട്ടിലേക്കിറങ്ങാറുണ്ട് ഇരുവരും. ആവശ്യം വേണ്ട മരുന്നുകളോ ടീ ബാഗുകളോ ഒക്കെ സംഘടിപ്പിക്കുകയാണ് ഉദ്ദേശ്യം. ഈ തിരിച്ചുപോക്കിലൊരിക്കല്‍ പോലും കാടുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ക്ക് തോന്നിയിട്ടില്ല.
അനുഭവങ്ങള്‍ പുസ്തകമായപ്പോള്‍
തന്റെയും പീറ്ററിന്റെയും കാടനുഭവത്തെ മറ്റുള്ളവരും അറിയണമെന്ന് മിറിയത്തിന് തോന്നി. അങ്ങനെ ആ അനുഭവങ്ങള്‍ ഒരു പുസ്തകമായി. ഹോളണ്ടില്‍ വായനക്കാരിലെത്തിയ പുസ്തകം ബ്രിട്ടനില്‍ ഈ മാസമേ പുറത്തിറങ്ങൂ.
സ്ത്രീവായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് മിറിയത്തിന് ലഭിച്ചത്. നിങ്ങളെനിക്ക് പ്രചോദനമാണ് എന്നെഴുതിയ സ്ത്രീകളാണ് അധികവും. അങ്ങനെയെങ്കില്‍ ധൈര്യമായി കാട്ടിലേക്ക് പോരൂ എന്ന മറുപടി പക്ഷേ അവരെ കുഴപ്പത്തിലാക്കിയെന്ന് മിറിയം ചിരിച്ചുകൊണ്ട് പറയുന്നു. ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പിറകേ പായാനുള്ള സാഹചര്യങ്ങളാവില്ലല്ലോ എല്ലാ സ്ത്രീകള്‍ക്കുമുള്ളത് എന്നും മിറിയം കൂട്ടിച്ചേര്‍ക്കുന്നു.
"ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രം മതി" ----
കാട്ടിലൂടെയുള്ള സാഹസികയാത്രയില്‍ ഒപ്പം കൂടാന്‍ തങ്ങള്‍ക്കൊരു കുഞ്ഞ് വേണ്ടെന്ന് മിറിയവും പീറ്ററും ആദ്യമേ തീരുമാനിച്ചിരുന്നു. കുഞ്ഞെന്ന ഉത്തരവാദിത്തം വളരെ വലുതാണ്. ഈ കാടന്‍ ജീവിതത്തിന് അത് അനുയോജ്യമാവില്ലെന്ന് പീറ്റര്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള പ്രണയവും യാത്രകളും വേറിട്ട ജീവിതവും കാരണം പീറ്ററിന് സുഹൃത്തുക്കളില്‍ പലരെയും നഷ്ടമായി. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ഇങ്ങനെ കാടു ചുറ്റേണ്ട കാര്യമുണ്ടോ എന്ന പരിഭവത്തിലാണ് സുഹൃത്തുക്കള്‍ പിണങ്ങിപ്പോയത്. മിറിയത്തെപ്പോലൊരു സുന്ദരിപ്പെണ്ണിനെ തനിക്ക് കിട്ടിയതെങ്ങനെ എന്ന സംശയവും അതിലുള്ള അസൂയയുമാണ് പിണക്കത്തിന് കാരണമെന്ന് വിശ്വസിക്കാനാണ് പീറ്ററിന് താല്പര്യം!
"അവരൊക്കെ കുടുക്കിലകപ്പെട്ടിരിക്കുകയാണ്"
ആധുനിക സംസ്‌കാരത്തെക്കുറിച്ചും നാഗരിക ജീവിതത്തെക്കുറിച്ചും ചോദിച്ചാല്‍ മിറിയത്തിന്റെയും പീറ്ററിന്റെയും നയം ഇതാണ്. ലോകമാകെ കുരുക്കില്‍ പെട്ടിരിക്കുകയാണ്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ മനുഷ്യന്‍ കാടിനെ അറിഞ്ഞ് പ്രകൃതിയിലേക്ക് മടങ്ങണം. ആ മടങ്ങിവരവ് കാട് നശിപ്പിക്കാനാവരുത്, കാടിനോടിണങ്ങി ജീവിക്കാനാവണം. ജീവിതം കൊണ്ട് വ്യത്യസ്തരായവര്‍ വീണ്ടും യാത്ര തുടരുകയാണ്, ഇനിയും കണ്ടുതീര്‍ന്നിട്ടില്ലാത്ത കാട്ടുജീവിതത്തിന്റെ പുതിയ ആസ്വാദനതലങ്ങള്‍ തേടി...
Comments
Post a Comment