മാരുതി 800 ന്റെ മുപ്പത്തിയൊന്ന് വര്‍ഷത്തിനടുത്ത ചരിത്രത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കാം.
വിവാദപൂര്‍ണ്ണമായ ജനനം
മാരുതി കാര്‍ കമ്പനിയുടെ ചരിത്രം തന്നെ പറഞ്ഞു തുടങ്ങാം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രനായ സഞ്ജയ് ഗാന്ധിയായിരുന്നു മാരുതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു കാര്‍ എന്നതായിരുന്നു സഞ്ജയ് ഗാന്ധിയുടെ സ്വപ്നം. എന്നാല്‍ അതെങ്ങനെ യാഥാര്‍ഥ്യമാക്കാം എന്നതിനെപ്പറ്റി അദ്ദേഹത്തിനു വ്യക്തമായ അറിവുണ്ടായിരുന്നില്ല. അതിരുകടന്ന ആത്മവിശ്വാസവും അധികാരത്തിന്റെ പിന്‍ബലവും മാത്രമായിരുന്നു കൈമുതല്‍ . നിര്‍ലോഭം സഹായിക്കാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടായിരുന്നതിനാല്‍ സാമ്പത്തികം പ്രശ്നമായിരുന്നില്ല.
ബ്രിട്ടനിലെ റോള്‍സ് റോയ്സ് കമ്പനിയില്‍ സാധാരണ മെക്കാനിക്കിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് മാത്രമായിരുന്നു സഞ്ജയ് ഗാന്ധിക്കു കാര്‍ നിര്‍മ്മാണത്തിനുള്ള യോഗ്യത. അതു ശരിയാംവണ്ണം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതൊക്കെയാണെങ്കിലും 4,000 രൂപ പ്രതിമാസ ശമ്പളം ആ 'യുവ പ്രതിഭാശാലി' നേടിയെടുത്തു. ( ഇന്ത്യന്‍ പ്രധാനമന്ത്രിക്കു പോലും അക്കാലത്ത് 3,000 രൂപയായിരുന്നു ശമ്പളമെന്നറിയുക.) എന്‍ജിനീയറിങ് ബിരുദം പോലുമില്ലാത്ത സഞ്ജയ് ഗാന്ധി മാനേജിങ് ഡയറക്ടറായി ആരംഭിച്ച മാരുതി മോട്ടോഴ്‍സ് ലിമിറ്റ‍ഡ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി മാറാന്‍ കാലതാമസമുണ്ടായില്ല.
ഹരിയാനയിലെ ഗുര്‍ഗാവില്‍ വ്യോമസേനയുടെ വക 157 ഏക്കര്‍ അടക്കം 300 ഏക്കര്‍ ഭൂമിയിലാണ് 1971 ജൂണില്‍ മാരുതി ആരംഭിച്ചത്. വന്‍ വിവാദങ്ങളും എതിര്‍പ്പുകളും വകവയ്ക്കാതെയായിരുന്നു ഇതിനായുള്ള ഭുമി ഏറ്റെടുത്തത്.
സ്വദേശി കാറിന് വിദേശ എന്‍ജിന്‍
ഇറക്കുമതി കൂടാതെ ഇന്ത്യന്‍ നിര്‍മിത ഘടകങ്ങള്‍ ഉപയോഗിച്ചുള്ള കാര്‍ എന്ന ലക്ഷ്യവുമായി പിറന്ന മാരുതിയുടെ കാറിന് ആദ്യം ടു സ്ട്രോക്ക് എന്‍ജിനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റി ഫോര്‍ സ്ട്രോക്ക് എന്‍ജിനാക്കി. പക്ഷേ ഒരു എന്‍ജിന്‍ പോലും വിജയകരമായി മാരുതി നിര്‍മ്മിച്ചില്ലെന്നതാണ് അമ്പരിപ്പിക്കുന്ന വസ്തുത. അഹമ്മദാബാദിലെ വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്‍മെന്ററി ( വിആര്‍ഡിഇ ) ലേക്ക് ടെസ്റ്റിനായി അയച്ച കാറിലുണ്ടായിരുന്നത് ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത എന്‍ജിനായിരുന്നു.
1974 ഫെബ്രുവരി 10 നാണ് പരീക്ഷണ ഓട്ടത്തിനുള്ള മാരുതി അഹമ്മദാബാദിലെത്തിയത്. പരീക്ഷണ ഓട്ടത്തിന്റെ രണ്ടാം ഘട്ടത്തിലെത്താന്‍ പോലും അതിനു കഴിഞ്ഞില്ല. നാലു മാസത്തിനുള്ളില്‍ തന്നെ, ഓടാന്‍ ശേഷിയില്ലാതെ ടെസ്റ്റ് ട്രാക്കില്‍ മാരുതി തളര്‍ന്നു വീണു. റോഡിലോടാന്‍ പറ്റിയതാണെന്ന സാക്ഷ്യപത്രം നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
കാറില്ലാതെ ഡീലര്‍ഷിപ്പ്
കാര്‍ നിര്‍മ്മിക്കുന്നതിന് മുമ്പുതന്നെ കമ്പനി ഡീലര്‍മാരെ ക്ഷണിച്ചിരുന്നു. നിക്ഷേപമായി ലക്ഷങ്ങള്‍ വാങ്ങി 1972 ല്‍ ഡീലര്‍ഷിപ്പ് നല്‍കിത്തുടങ്ങി. പിറ്റേ വര്‍ഷം ഏപ്രിലില്‍ വണ്ടി പുറത്തിറക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നാളെ നാളെ നീളെ നീളെ എന്ന മട്ടില്‍ വര്‍ഷങ്ങളോളം നീങ്ങി. ഇതിനിടെ ഗതികേടിലായത് ഡീലര്‍ഷിപ്പിനു പണം മുടക്കി കാത്തിരുന്നവരാണ്. എണ്‍പത് ഡീലര്‍മാരില്‍ നിന്നായി രണ്ടര കോടി രൂപ കമ്പനി പിരിച്ചെടുത്തിരുന്നു. പണമടച്ച് അഞ്ചു വര്‍ഷത്തിനു ശേഷവും കാര്‍ കിട്ടിയില്ല, പണവും.
ഡീലര്‍ഷിപ്പിനുള്ള നിക്ഷേപം എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ലെങ്കിലും ശരാശരി മൂന്നുലക്ഷം വീതം വാങ്ങിയിരുന്നു. ( വിപണിയില്‍ മേധാവിത്വമുള്ള അംബാസിഡര്‍ കാര്‍ നിര്‍മ്മാതാക്കള്‍ പോലും ഡീലര്‍ഷിപ്പിനായി 5,000 രൂപ മാത്രം നിക്ഷേപം വാങ്ങിയിരുന്ന കാലത്താണിത്.) ഭയം കൊണ്ട് ഇതൊന്നും ആരും ചോദ്യം ചെയ്തുമില്ല. തുക തിരികെ ചോദിച്ചവരില്‍ പലരും എത്തിയത് ജയിലറകളിലായിരുന്നു. നിക്ഷേപം സ്വീകരിച്ച് കരാറില്‍ ഏര്‍പ്പെട്ട ശേഷം കൂടുതല്‍ തുകയുമായി മറ്റാരെങ്കിലും സമീപിച്ചാല്‍ നിഷ്കരുണം മുന്‍ കരാര്‍ റദ്ദാക്കാന്‍ സഞ്ജയ് ഗാന്ധി മടിച്ചിരുന്നുമില്ല.
കാറില്‍ തുടങ്ങി വിമാനം വരെ
കാര്‍ നിര്‍മ്മാണത്തിനായി തുടങ്ങിയ കമ്പനി പില്‍ക്കാലത്ത് റോഡ് റോളര്‍ , ട്രക്ക്, ക്രെയിന്‍ മുതല്‍ വിമാന നിര്‍മ്മാണത്തില്‍ വരെ കൈവച്ചു. കുറച്ചു കാലം ബസ്‍ ബോഡി നിര്‍മ്മാണവും നടത്തി. പക്ഷേ ഒന്നും ഗതി പിടിച്ചില്ല. ഇതിനിടെ സഞ്ജയിയും കൂട്ടാളികളും പാഴാക്കി കളഞ്ഞത് സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപയാണ്.
പുത്രനെ സഹായിക്കാന്‍ ഇന്ദിരാഗാന്ധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് പരക്കെ ആക്ഷേപമുണ്ടായി. കാറിനൊപ്പം സര്‍ക്കാരും കടപുഴകി വീഴുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ശക്തമായ അഴിമതി ആരോപണങ്ങളുണ്ടായെങ്കിലും എല്ലാ കേസുകളിലും പില്‍ക്കാലത്ത് സഞ്ജയിയും ഇന്ദിരയും കുറ്റവിമുക്തരാക്കപ്പെട്ടു.

Comments

Popular posts from this blog

Charlie Brown and Franz Stigler Incident

കാക്കകൾ

റാവുത്തർ