ലക്ഷദ്വീപ്

ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1973-ലാണ് ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. ചരിത്രം ======= എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചുവെങ്കിലും, താമസിയാതെ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787 ൽ ചില ദ്വീപുകൾ ടിപ്പു സുൽത്താന്റെ ഭരണത്തിൻ കീഴിലായി. അമിനി, കിൽത്താൻ,കടമത്, ചെത്തിലാത്ത, ബിത്രാ ദ്വീപുകളായിരുന്നു അവ. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു ...